കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇയാളുടെ ഭാര്യാപിതാവായ നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) അപകടം നടന്ന ഉടൻ തന്നെ മരിച്ചിരുന്നു. അതേസമയം, രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയെ (26) ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജൂലൈ 30 വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണഭഗവാൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുത്തൻതുറയിൽ നിന്ന് മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ 14 പേരുമായാണ് വള്ളം കടലിലേക്ക് പുറപ്പെട്ടത്.
നീണ്ടകര അഴിമുഖത്തെത്തിയപ്പോൾ പൊങ്ങി വന്ന വലിയ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തൊട്ടുമുന്നിൽ പോയ മറ്റ് വള്ളങ്ങളിലുണ്ടായിരുന്നവർ ഉടൻ തിരിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. 11 പേരെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കരയിലെത്തിക്കുമ്പോഴേക്കും രാജീവൻ മരണപ്പെട്ടിരുന്നു.
