
തിരുവനന്തപുരം : ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ആറു മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ നാളെ മുതൽ മരവിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഒരു കോടി 58 ലക്ഷം റേഷൻ കാർഡുകൾ മരവിപ്പിക്കാനാണ് തീരുമാനം. ഇതിൽ ആറ് ലക്ഷം കേരളത്തിലാണ്.
നിഷ്ക്രീയ കാർഡുകളിൽ 44,000 മുൻഗണനാകാർഡുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ദാരിദ്യരേഖയിലുള്ള ഈ 44,000 കാർഡുടമകൾ എന്ത് കൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ കാർഡ് അടിസ്ഥാനരേഖയാണ്. അതിനാൽ കാർഡ് നിഷേധിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് ഉടൻ കേരളം കത്ത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
