നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്;ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകുമെന്നും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവർ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. സര്‍ക്കാറിന്റെ 9 വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏഴ് പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് നേതാക്കളോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള പ്രചരണമാണ് സി.പി.എമ്മും എല്‍.ഡി.എഫും നടത്തിയത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും ശ്രമിച്ചത്.

ഏത് സ്ഥാനാർഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശമുണ്ട്. മൂവര്‍ണ പതാക പുതച്ചാണ് പ്രകാശ് യാത്രയായതെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസായിരിക്കുമെന്നുമാണ് വി.വി. പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞത്. വി.എസ്. ജോയി ഉള്‍പ്പെടെ ഒരു നേതാക്കളുടെ വീട്ടിലും ആര്യാടന്‍ ഷൗക്കത്ത് പോയിട്ടില്ല. ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെയൊക്കെ പോകണമെന്ന് ദേശാഭിമാനി തീരുമാനിക്കേണ്ട. സര്‍ക്കാറിനെതിരായ വിഷയങ്ങളില്‍ നിന്നും വഴിതെറ്റിക്കാനാണ് കൈരളിയും ദേശാഭിമാനിയും ശ്രമിക്കുന്നത്. നാടിനെ ദുരിതത്തിലാക്കിയ സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ വിധിയെഴുതുന്നത്. മാധ്യമങ്ങള്‍ ചെയ്യുന്ന ചര്‍ച്ചയല്ല. ജനങ്ങള്‍ ചെയ്യുന്നത്. പതിനയ്യായിരം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. എന്നാല്‍ സര്‍ക്കാറിന് എതിരായ പ്രതിഷേധത്തിന്റെ ആഴം ഭൂരിപക്ഷം ഇതിലും വര്‍ധിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

More From Author

Leave a Reply

Your email address will not be published. Required fields are marked *