Home » Blog » kerala Mex » നികുതി വെട്ടിപ്പ് : നടൻ വിജയ്‌ക്ക് തിരിച്ചടി; 1.5 കോടിയുടെ നികുതി പിഴ ശരിവച്ച് മദ്രാസ് ഹൈക്കോടതി
VIJAY-JOSEPH-680x450

2015-16 സാമ്പത്തിക വർഷത്തിൽ വെളിപ്പെടുത്താത്ത 15 കോടി രൂപയുടെ വരുമാനം ഉണ്ടെന്ന് ആരോപിച്ച് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ വിജയ് സമർപ്പിച്ച ഹർജി ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി തള്ളി. ആദായനികുതി നിയമത്തിലെ സെക്ഷൻ 263 പ്രകാരം നികുതി അധികാരികൾ നൽകിയ നോട്ടീസ് നിയമപരമായ സമയപരിധിക്കുള്ളിലാണെന്നും നടപടിക്രമങ്ങളിൽ പിഴവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. 2026 ജനുവരിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ച കേസിലാണ് വെള്ളിയാഴ്ച അന്തിമ വിധി വന്നത്.

2015 സെപ്റ്റംബറിൽ വിജയ്‌യുടെ വസതിയിൽ നടന്ന ആദായനികുതി പരിശോധനകളെത്തുടർന്നാണ് ഈ കേസുകളുടെ തുടക്കം. പരിശോധനയ്ക്കിടെ കണ്ടെത്തിയ 15 കോടി രൂപയുമായി ബന്ധപ്പെട്ട് 2018-ൽ പിഴ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ നടപടികൾ നിയമപരമായ സമയപരിധിക്കുള്ളിലല്ലെന്ന് വാദിച്ചാണ് വിജയ് കോടതിയെ സമീപിച്ചത്. നേരത്തെ മറ്റൊരു ബെഞ്ച് പിഴ ഈടാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നെങ്കിലും, അന്തിമ വിധിയിൽ ആദായനികുതി വകുപ്പിന്റെ നടപടികൾ നിയമാനുസൃതമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും, പിഴ ഉത്തരവിനെ ചോദ്യം ചെയ്ത് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ (ITAT) സമീപിക്കാൻ വിജയ്‌ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. സമയപരിധി ഒഴികെയുള്ള മറ്റ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വിജയ്‌ക്ക് ട്രൈബ്യൂണലിൽ അപ്പീൽ നൽകാം. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് നേരിടുന്ന പ്രധാന നിയമപോരാട്ടങ്ങളിൽ ഒന്നാണിത്.

/**for adding 05-02-2026*/