Home » Blog » Kerala » നവകേരള യാത്രക്കിടെ ഉണ്ടായ രക്ഷാപ്രവർത്തനം; തിരിച്ചറിയൽ പരേഡിൽ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി എ.ഡി. തോമസ്
24

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദനത്തിനിരയായ കേസിൽ നിർണായക പുരോഗതി. കേസുമായി ബന്ധപ്പെട്ട തിരിച്ചറിയൽ പരേഡ് പൂർത്തിയായതോടെ അഞ്ച് പ്രതികളെയും വ്യക്തമായി തിരിച്ചറിഞ്ഞതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എ.ഡി. തോമസ് പറഞ്ഞു. ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും, അത്തരമൊരു അവകാശവാദത്തിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മർദനത്തിനിരയായ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ്, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജോജി മോൻ ജോസഫ്, അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. ഇവർ എല്ലാവരും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായാണ് വിവരം. പ്രതികൾ തുടർച്ചയായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന് എ.ഡി. തോമസ് ആരോപിച്ചു. കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിഭാഗത്തിന്റെയും കോടതിയുടെയും ഭാഗത്തുനിന്ന് ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

കേസന്വേഷണം തൃപ്തികരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. കേസിനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലാത്തി കണ്ടെടുത്തതായി അന്വേഷണസംഘം എവിടെയും പറഞ്ഞിട്ടില്ലെന്നും, അത്തരമൊരു കാര്യം ജാമ്യാപേക്ഷയിലും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ, ചോദ്യംചെയ്യൽ രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രധാന ലക്ഷ്യം. തങ്ങൾക്ക് അനുവദിച്ച ഔദ്യോഗിക ലാത്തിയാണ് ഉപയോഗിച്ചതെന്നും പിന്നീട് അത് ഓഫീസിൽ തിരികെ ഏൽപ്പിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി.

എന്നാൽ, പ്രതികൾ ഉപയോഗിച്ചത് ഔദ്യോഗിക ലാത്തിയല്ലെന്നും, അതിനേക്കാൾ നീളമുള്ള സ്വകാര്യമായി വാങ്ങിയ വടിയാണെന്നും എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയൽ പരേഡ് പൂർത്തിയായതോടെ തെളിവെടുപ്പ് നടപടികൾക്കും വേഗം കൂടും. പ്രതികളെ തെളിവെടുപ്പിനായി ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.