ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദി തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട വലിയൊരു പ്രതിസന്ധിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ. നാല് വർഷം നീണ്ട തീവ്രമായ പ്രണയവും സിനിമാ സ്വപ്നവും തമ്മിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നപ്പോൾ താൻ സിനിമയാണ് തിരഞ്ഞെടുത്തതെന്ന് താരം വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ ‘ദോ ദീവാനേ ഷെഹർ മേം’-ന്റെ പ്രൊമോഷനിടെയാണ് 18-ാം വയസ്സിൽ തുടങ്ങിയ പ്രണയത്തെക്കുറിച്ചും അത് തകരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും താരം സംസാരിച്ചത്.
സിനിമയിൽ അവസരങ്ങൾക്കായി ശ്രമിക്കുന്ന കാലത്ത് കാമുകി വിവാഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. എന്നാൽ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വിവാഹം ഒരു സമ്മർദമാകാൻ അവൾ ആഗ്രഹിച്ചില്ല. “നിനക്ക് മുൻപിലുള്ളത് വലിയൊരു യാത്രയാണ്, അത് ഈ വേർപിരിയലിനോളം വിലയുള്ളതായിരിക്കണം, നമ്മുടെ ബ്രേക്ക് അപ്പ് വെറുതെയാകരുത്” എന്ന ഉറച്ച വാക്കുകളോടെയാണ് അവൾ ബന്ധം അവസാനിപ്പിച്ചതെന്ന് സിദ്ധാന്ത് ഓർക്കുന്നു. തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അവൾ സ്വയം മാറിനിൽക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം സിദ്ധാന്തിന്റെ ഹിറ്റ് ചിത്രമായ ‘ഗള്ളി ബോയ്’ റിലീസ് ആയപ്പോൾ ആദ്യമെത്തിയ സന്ദേശം അവളുടേതായിരുന്നു. “നീ നിന്റെ വാക്ക് പാലിച്ചു” എന്നായിരുന്നു ആ സന്ദേശമെന്ന് നടൻ പറയുന്നു. അപ്പോഴേക്കും അവൾ വിവാഹിതയായിരുന്നു എങ്കിലും, തന്റെ വിജയത്തിൽ അവൾക്ക് വലിയ സന്തോഷമായിരുന്നു. സ്വന്തം സ്വപ്നവും പ്രണയവും നേർക്കുനേർ വന്നപ്പോൾ സ്വപ്നത്തെ തിരഞ്ഞെടുക്കേണ്ടി വന്ന ഒരു കലാകാരന്റെ വൈകാരികമായ അനുഭവമാണ് സിദ്ധാന്ത് പങ്കുവെച്ചത്.
