പത്തനംതിട്ട ∙ അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിക്കുന്ന തമിഴ്നാട്ടിലെ പുണ്യനദിയായ താമ്രപർണിക്ക് ദിവ്യ-വ്യക്തിത്വ പരിവേഷം കൽപിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ദേവതാതുല്യമായ പരിവേഷത്തോടെ ആരാധിക്കപ്പെടുന്ന നദിയിൽ തുണിയും പ്ലാസ്റ്റിക്കും മറ്റും ഇടുന്ന പ്രവണത തടയാൻ കർശന നിയമനടപടികളും പിഴയും ഏർപ്പെടുത്താൻ ജസ്റ്റിസുമാരായ ജി. ആർ. സ്വാമിനാഥൻ, ബി. പുകഴേന്തി എന്നിവരടങ്ങുന്ന ബെഞ്ച് തിരുനൽവേലി ജില്ലാ കളക്ടറോടും തദ്ദേശ സ്ഥാപനങ്ങളോടും നിർദേശിച്ചു.
പവിത്രമായി കരുതപ്പെടുന്ന താമ്രപർണിയെ മലിനീകരിക്കാൻ ആർക്കും അവകാശമില്ലെന്ന് 19 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മേയ് മാസത്തിൽ മാത്രം 89 ടൺ തുണിയും ഏകദേശം ഒരു ടൺ പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിലേക്ക് വലിച്ചെറിഞ്ഞ സാഹചര്യം കോടതി ഗൗരവമായി എടുത്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണ് നദിക്ക് വ്യക്തിപരിവേഷം നൽകിയിരിക്കുന്നത്. അതേസമയം, ചുട്ടെടുക്കാത്ത മൺകലങ്ങളിൽ നിമജ്ജനം നടത്തുന്നതിന് വിധിയിൽ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.
