നഗരസഭയിലെ കുടിവെള്ള-മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലെ ഭരണസമിതി പരാജയപ്പെട്ടുവെന്ന് മുൻ മേയറും എംഎൽഎയുമായ വി.കെ. പ്രശാന്ത്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ മുൻ ഭരണസമിതിയെ പഴിചാരുന്ന സമീപനമാണ് മേയർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആരോപിച്ചു.
വിഷയത്തിൽ സംവാദത്തിനുള്ള വി.വി. രാജേഷിന്റെ വെല്ലുവിളി താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ജനങ്ങളെ പറ്റിക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന് വി.കെ. പ്രശാന്ത് കുറ്റപ്പെടുത്തി. നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മുൻപ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ പേപ്പാറയിൽ നിന്ന് വെള്ളം എത്തിച്ച് പരിഹരിക്കാൻ മാതൃകാപരമായ ഇടപെടൽ നടത്തിയിരുന്നു.
അമൃത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള ആ പ്രവർത്തനങ്ങൾ എല്ലാവരും പ്രശംസിച്ചതാണ്. എന്നാൽ ഇപ്പോഴത്തെ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പൊങ്കാല പോലുള്ള വലിയ ഉത്സവങ്ങൾക്ക് ശേഷം ഒറ്റ ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കുന്ന രീതിയായിരുന്നു നഗരസഭയ്ക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് പാളി. ശുചീകരണത്തിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കാനാണ് മേയർ ശ്രമിക്കുന്നത്.
