Your Image Description Your Image Description

തിരുവനന്തപുരം: രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ 4 ലേബര്‍ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

10 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഹാറില്‍ ഇന്ന് നടക്കുന്ന പണിമുടക്ക് റാലിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകും. തെരഞ്ഞെടുപ്പടുക്കുന്ന ബിഹാറില്‍ ഇത് പ്രതിപക്ഷ ഐക്യ പ്രഖ്യാപനമാക്കാനാണ് നീക്കം.

അതേസമയം കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ബന്ദ് ആകാനുള്ള സാധ്യതയാണ് കാണുന്നത്. പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പണിമുടക്ക് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഡയസ്‌നോണ്‍ നടപടി. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞത് സര്‍ക്കാരിനെയും മുന്നണിയെയും സി പി എമ്മിനെയും ഞെട്ടിച്ചുണ്ട്. സര്‍വീസുമായി മുന്നോട്ട് പോകാനാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനം. ഇതിനായി കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് സംരക്ഷണമടക്കം ലഭിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോ, സ്‌കൂളുകള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത.

ശുദ്ധജലം, പാല്‍, പത്ര വിതരണം, ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങാന്‍ സാധ്യതയുള്ളൂ. പണിമുടക്കുന്നവരില്‍ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നതിനാല്‍ ബാങ്കുകളും പൂട്ടിക്കിടക്കും. കളക്റ്ററേറ്റ് ഉള്‍പ്പെടെ ഉള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്.

സ്‌കൂള്‍, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നത് കണ്ടറിയണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. കാലിക്കറ്റ്, കണ്ണൂര്‍, കേരള, എം ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts