Home » Blog » kerala Mex » ദീപക്കിന്റെ ആത്മഹത്യ: ഷിംജിത വീണ്ടും പോലീസ് കസ്റ്റഡിയിൽ,ബസിലെത്തിച്ച് തെളിവെടുക്കും
deepak-3-680x450

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിതയെ തെളിവെടുപ്പിനായി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. ഷിംജിത ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും വെറുതെ ഒന്നും പറയില്ലല്ലോ എന്നുമാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്.

പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉണ്ടായ മാനസിക വിഷമത്തിലാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

യാത്രയ്ക്കിടെ ദീപക് ഉപദ്രവിച്ചെന്ന ഷിംജിതയുടെ ആരോപണം ബസ് ജീവനക്കാർ നിഷേധിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ഷിംജിതയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആരോപണത്തിൽ വ്യക്തത വരുത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

/**for adding 05-02-2026*/