ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമല്ല തൻ്റെ നിലപാട്. സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ദിവ്യയെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കെ കെ ശൈലജ വിശദീകരിച്ചു.
കണ്ണൂർ ഡിസിസി പ്രസിഡൻ്റ് കെ കെ രാഗേഷിനെ തള്ളിയ പരാമര്‍ശത്തിലും ശൈലജ നിലപാട് വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ കെ കെ രാഗേഷിന് പ്രതികരിക്കാൻ അവകാശമുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ രാഗേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണത്തിൽ കുറച്ചുകൂടി വ്യക്തത രാഗേഷിന് വരുത്താമായിരുന്നു എന്നാണ് ശൈലജ വിശദീകരിച്ചത്.
