Home » Blog » kerala Max » ‘തൊപ്പി’ക്കെതിരെ തിരിഞ്ഞ് മുൻ സുഹൃത്തുക്കൾ; യൂട്യൂബറുടെ സാമ്പത്തിക ഇടപാടുകളിലും ഡിജിറ്റൽ ഉള്ളടക്കങ്ങളിലും അന്വേഷണം മുറുകുന്നു
thoppi

 യൂട്യൂബറും ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ഉയർന്ന പരാതികളിൽ കൊച്ചി സിറ്റി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. നിഹാദിനും സുഹൃത്തുക്കൾക്കും എതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്‌സോ കുറ്റകൃത്യങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗത്തിന് കൈമാറുകയും, തുടർന്ന് കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.

അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി രവി ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് നിലവിൽ അന്വേഷണത്തിന്റെ ചുമതല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിഹാദിന്റെ ‘എംആർസെഡ്’ ഗ്യാംഗിൽ ഉണ്ടായിരുന്ന മുഹമ്മദ് (മമ്മു), ഷമീർ എന്നിവർ നിഹാദിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. നിഹാദ് എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇവർ നിഹാദിന്റെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. കൂടാതെ, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും, പണം നൽകി പരാതികൾ ഒതുക്കാൻ ശ്രമിക്കുകയും ചെയ്തതായും സുഹൃത്തുക്കൾ ആരോപിക്കുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഓൺലൈൻ റീച്ചിന് വേണ്ടി മുൻ സുഹൃത്തുക്കൾ കെട്ടിച്ചമച്ചതാണെന്നുമാണ് നിഹാദിന്റെ വാദം. ഇവർക്കെതിരെ ക്രിമിനൽ, മാനനഷ്ട കേസുകൾ നൽകിയിട്ടുണ്ടെന്നും നിഹാദ് പ്രതികരിച്ചു. ആരോപണ-പ്രത്യാരോപണങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പൊലീസിന്റെ അന്വേഷണം വരും ദിവസങ്ങളിൽ നിർണായകമാകും.