Home » Blog » kerala Max » തെരുവുനായ ശല്യം; താൽക്കാലികമായി അടച്ച ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും
New-Project-17-4-1024x556

<strong>തൃശൂര്‍</strong>: തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടല്‍ ഗവ. യുപി സ്‌കൂള്‍ നാളെ തുറക്കും. പിടിഎ എക്സിക്യൂട്ടീവ് ചേര്‍ന്നാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് ഇടപെട്ട് സ്‌കൂളിലെയും പരിസരത്തെയും ഭൂരിഭാഗം നായ്ക്കളെയും പിടികൂടിയിരുന്നു. രണ്ടുദിവസമാണ് തെരുവുനായ ശല്യം മൂലം സ്‌കൂളിന് അവധി കൊടുത്തത്. തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി കൊടുക്കുകയായിരുന്നു. നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിലും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയായതോടെ സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും നല്‍കിയ പരാതിയിലാണ് നായ്ക്കളെ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്.