തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാവുകയാണ്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ് രംഗത്തെത്തി. ബിജെപി പിന്തുണയോടെ വിജയിച്ച വൈസ് പ്രസിഡന്റിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ലെന്നും, സഖ്യം പുറത്തറിഞ്ഞപ്പോൾ മാത്രം തള്ളിപ്പറയുന്നത് വെറും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റത്തൂരിലേത് നേതൃത്വത്തിന്റെ അറിവോടെ ആലോചിച്ചുറപ്പിച്ച സഖ്യമാണെന്നും ഇതിന് കോൺഗ്രസ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
ഒറ്റ ദിവസം കൊണ്ട് കോൺഗ്രസ് പൂർണ്ണമായും ബിജെപിയായി മാറിയ കാഴ്ചയാണ് മറ്റത്തൂരിൽ കണ്ടതെന്ന് സ്വരാജ് പരിഹസിച്ചു. വിമർശനങ്ങൾ വരുമ്പോൾ മാത്രം നടപടിയെടുക്കുമെന്ന് പറയുന്നത് വെറും പ്രഹസനമാണെന്നും, ഈ അവിശുദ്ധ സഖ്യത്തിനെതിരെ മതനിരപേക്ഷവാദികൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി മിനി ടീച്ചർ ബിജെപി പിന്തുണയോടെയാണ് വിജയിച്ചത്. കോൺഗ്രസിലെ ഏഴ് അംഗങ്ങളും ബിജെപിയിലെ നാല് അംഗങ്ങളും ഇവർക്ക് വോട്ട് നൽകിയപ്പോൾ രണ്ട് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. അന്ന് വിവാദമായതിനെത്തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന നൂർജഹാൻ രാജിവെച്ചെങ്കിലും, കോൺഗ്രസ് വിമതയായി പ്രസിഡന്റ് സ്ഥാനത്തെത്തിയ ടെസി ജോസ് ഇതുവരെ സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. ഇത് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്.
