Home » Blog » kerala Max » തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയോ?; ഗോവിന്ദ്പുരി ദുരന്ത സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
fire

ഡൽഹി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗോവിന്ദ്പുരിയിലെ തീപിടിത്തത്തിൽ നിർണ്ണായക വഴിത്തിരിവ്. അപകടത്തിന് തൊട്ടുമുൻപ് മാസ്ക് ധരിച്ചൊരു സ്ത്രീ കെട്ടിടത്തിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.

തീപിടിത്തം നടന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പുലർച്ചെ 2.23-ഓടെ മാസ്ക് ധരിച്ച ഒരു സ്ത്രീ കയറുന്നത് പാർക്കിങ് ഏരിയയിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീ അകത്തേക്ക് കടന്നതിന് തൊട്ടുപിന്നാലെ കെട്ടിടത്തിൽ വലിയൊരു പൊട്ടിത്തെറി ഉണ്ടാവുകയും, നിമിഷങ്ങൾക്കുള്ളിൽ തീ ഒന്നും രണ്ടും നിലകളിലേക്ക് അതിവേഗം പടരുകയുമായിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി പോകുന്നതും വ്യക്തമാണ്. ഇവരെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം അട്ടിമറിയോ ആസൂത്രിതമായ ആക്രമണമോ ആണോ എന്ന് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞദിവസമുണ്ടായ ഈ ദുരന്തത്തിൽ പങ്കജ്, മുത്തശ്ശി സുശീല ദേവി, സഹോദരി സോണി എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പങ്കജിന്റെ അമ്മയും മറ്റൊരു സഹോദരിയും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മാസ്ക് ധരിച്ച സ്ത്രീയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ പൊലീസ് സംഘം.