
വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്ന മലയാളി പ്രവാസികൾക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന ‘നോർക്ക റിട്ടേണി ഐ.ഡി കാർഡ്’ (NORKA Returnee ID Card) പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ തിരിച്ചറിയൽ കാർഡിന് അർഹതയുള്ളത്.
പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ പൊതുജനങ്ങൾക്കായി ലഭ്യമായി തുടങ്ങി. നോർക്ക റൂട്ട്സ് (NORKA Roots) വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായോ, കേരളത്തിലെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
