ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. നിയമസഭയിൽ ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജാണ് പുതിയ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 70 വയസ്സിന് മുകളിലുള്ള മുഴുവൻ മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.
വരുമാന പരിധി നോക്കാതെ 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവും കാഷ്ലെസ്സുമായ ചികിത്സ ഉറപ്പാക്കുന്നതാണ് ഈ പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, അവയവമാറ്റ ശസ്ത്രക്രിയകൾ എന്നിവയ്‌ക്കെല്ലാം ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഉയർന്ന ചെലവുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് പോലുള്ളവയ്ക്കും 23 ലക്ഷം രൂപ വരെ പദ്ധതിയിൽ നിന്നും ധനസഹായം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏകദേശം 38 ലക്ഷം ആളുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക.
