തമിഴ്നാട്ടിൽ മദ്യത്തിന്റെ ചില്ലറവിൽപ്പന സ്വകാര്യമേഖലയ്ക്ക് നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ വഴി നടന്നുറുന്ന മദ്യവിൽപന കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാൻ വിജയ് നേതൃത്വം നൽകുന്ന സർക്കാർ ആലോചിക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതിനായുള്ള നിയമനിർമാണ നടപടികൾ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
23 വർഷത്തെ സർക്കാർ നിയന്ത്രണത്തിന് അന്ത്യമായേക്കും
2003-ൽ എഐഎഡിഎംകെ സർക്കാരാണ് ടാസ്മാകിനെ പൂർണ്ണമായും സർക്കാരിനു കീഴിൽ കൊണ്ടുവന്നത്. നിലവിൽ സർക്കാർ നിയന്ത്രണത്തിലാണ് ടാസ്മാക് പ്രവർത്തിക്കുന്നത്. മദ്യവില്പന സ്വകാര്യവത്കരണത്തിലേക്ക് മാറിയാൽ കഴിഞ്ഞ 23 വർഷത്തെ സർക്കാർ കുത്തകയ്ക്കായിരിക്കും വിരാമമാകുന്നത്. സംസ്ഥാനത്തെ ആകെ 4048 ടാസ്മാക് ഔട്ട്ലെറ്റുകളിൽ 2500 എണ്ണവും നഗരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നഗര ഔട്ട് ലെറ്റുകൾ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയ എതിർപ്പുകൾ ശക്തം
സർക്കാർ നടത്തുന്ന മദ്യവില്പന ശാലകൾ സ്വകാര്യവത്കരിക്കുന്നത് വഴി സംസ്ഥാനത്ത് മദ്യ ഉപഭോഗം വർധിക്കുമെന്നും, ഇത് മദ്യനിരോധനമെന്ന ലക്ഷ്യത്തെ പൂർണ്ണമായി ദുർബലപ്പെടുത്തുമെന്നും പട്ടാളി മക്കൾ കക്ഷി (പിഎംകെ) അധ്യക്ഷൻ അൻപുമണി രാംദാസ് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ തലത്തിൽ കടുത്ത പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ട്.
