Home » Blog » Kerala » തമിഴകത്ത് ട്വിസ്റ്റ്! എടപ്പാടി പളനിസ്വാമി ഗവർണറെ കാണുന്നു; വിജയ്‌ക്ക് മുന്നിൽ ഭൂരിപക്ഷ കടമ്പ കടുക്കുന്നു
edapadi-680x450

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം പിന്നിടുമ്പോഴും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ നിർണ്ണായക നീക്കവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ തികയ്ക്കാൻ കഴിയാത്തതാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ബുധൻ, വ്യാഴം ദിവസങ്ങളിൽ വിജയ് ഗവർണറെ കണ്ടിരുന്നുവെങ്കിലും പിന്തുണ വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ ഗവർണർ നിർദ്ദേശിക്കുകയായിരുന്നു. കൃത്യമായ ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ.

വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ നിലവിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യത്തിന്റെ അംഗബലം 113 ആയി ഉയർന്നു. എങ്കിലും ഭൂരിപക്ഷത്തിന് ഇനിയും അഞ്ച് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ഗവർണറുടെ നിലപാടിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് ടിവികെ നേതൃത്വത്തിന്റെ ആലോചന.

അതിനിടെ, വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തിരുപ്പൂരിൽ നിന്നുള്ള പാർട്ടി അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എടപ്പാടി പളനിസ്വാമിയുടെ ഗവർണറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.