തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട തിരിച്ചടി നന്നായി പഠിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. നേതൃയോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും പരസ്പരം സഹായിച്ചെന്നും വോട്ട് മറിച്ചെന്നും മന്ത്രി ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നും കേരളത്തിന്റെ ഭാവി ഇടതുപക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളെക്കുറിച്ച് വിശദമായി പരിശോധിക്കും. വീഴ്ചകളോ തെറ്റുകളോ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അത് സമ്മതിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.യുടെ മുഖപത്രമായ ‘ജനയുഗം’ പത്രത്തിൽ പ്രതിഫലിക്കുന്നത് പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എം.എം. മണിയുടെ ക്ഷേമ പെൻഷൻ സംബന്ധിച്ച പരാമർശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നേതാക്കൾ ഉപയോഗിക്കുന്ന ശൈലിയും വാക്കുകളും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ്. സർക്കാർ ചെയ്ത നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ മങ്ങിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
