Home » Blog » Health » ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
15

ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളിൽ ലൈസൻസില്ലാതെ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ച് കേന്ദ്രം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതോടെയാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. ഇതോടെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ വിൽക്കുന്നത് നിയമവിരുദ്ധമാകും.

സിറപ്പുകളുടെ ഉൽപ്പാദനം, വിതരണം, വിൽപ്പന എന്നിവയിൽ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനാരോഗ്യ സംരക്ഷണവുമാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം മെഡിക്കൽ സ്റ്റോറുകളിൽ സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് അനുവദിക്കില്ല. ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ കഫ് സിറപ്പുകൾ ലഭിക്കൂ.

വ്യാജ കഫ് സിറപ്പുകൾ കഴിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മധ്യപ്രദേശിൽ മാത്രം ഇരുപതിലധികം കുട്ടികൾ വ്യാജ സിറപ്പുകൾ കഴിച്ച് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്ന പരാതികളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുള്ളത്. 1945 ലെ ഡ്രഗ് റൂൾസിലെ അഞ്ചാമത്തെ ഭേദഗതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതോടെ കഫ് സിറപ്പുകളുടെ വിൽപ്പനയും വിതരണവും കൂടുതൽ നിയന്ത്രണവിധേയമാകും.