ഡിജിപി നിയമന വിവാദം; കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ കുറ്റക്കാരനല്ല, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരെന്ന് എം.വി ഗോവിന്ദൻ

കൊച്ചി: ഡിജിപി നിയമന വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡിജിപിയായി സർക്കാർ നിയമിച്ച റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിൽ കുറ്റക്കാരനല്ലെന്നും വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമനം നടത്തിയത്. വിഷയത്തിൽ പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണ്. പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഹക്കിം ബത്തേരിയും ടിടി ആന്റണിയുമാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. കെ.സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പി ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം, റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ പ്രതികരിച്ചത്.

നിയമനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കേണ്ടത് സർക്കാരാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്‌നമില്ല. സര്‍ക്കാര്‍ തങ്ങള്‍ക്കു മുന്നിലെത്തിയ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയായിരുന്നു. നിയമനം വിവാദമാക്കേണ്ടതില്ലെന്നും പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിര്‍ദേശം നല്‍കിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.ജയരാജന്റെ പ്രതികരണം.

രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പോലീസ് ഉദ്യോഗസ്ഥരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സഘടനകള്‍ക്കുമൊക്കെ എതിര്‍പ്പുയര്‍ത്തിയ നടപടികള്‍ കൈക്കൊണ്ടവരില്‍ ഉണ്ടാകാമെന്നും ജയരാജന്‍ പറഞ്ഞു. ‘അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്.

കൂത്തുപറമ്പ് വെടിവെപ്പിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാള്‍. എം.സുകുമാരന്‍ നല്‍കിയ പരാതിയില്‍ നിതിന്‍ അഗര്‍വാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്’, പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു

More From Author

Leave a Reply

Your email address will not be published. Required fields are marked *