
തിരുവനന്തപുരം: കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ ‘ആക്സിലറേറ്റ് കേരള’യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിലൂടെ സംസ്ഥാനത്തെ പതിനായിരം വിദ്യാർഥികൾക്ക് 17 എമർജിങ് ടെക്നോളജി ഡൊമെയ്നുകളിലായി 70-ലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കും.
