ഡൽഹിയിലെ എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമിച്ചു കയറിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് യൂണിഫോം പോലുമില്ലാതെയാണ് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ അമിത് ഷാ സഭയിൽ നേരിട്ടെത്തി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എകെജി ഭവനിലെ പോലീസ് നടപടി തികച്ചും അപലപനീയമാണെന്നും ദേശീയ പാർട്ടിയുടെ ഓഫീസിൽ കയറാൻ ആരാണ് നിർദേശം നൽകിയതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചോദിച്ചു.
അതേസമയം, എകെജി ഭവനിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ രംഗത്തെത്തി. ഇത് സാധാരണ നടക്കാറുള്ള നിയമപരമായ നടപടി മാത്രമാണെന്ന് വാദിച്ച അദ്ദേഹം, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ഇങ്ങനെയുള്ള കാര്യങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞു. സംഭവം രാജ്യസഭയിൽ വൻ വാക്പോരിനാണ് വഴിവെച്ചിരിക്കുന്നത്.
