Home » Blog » kerala Mex » ടീമിൽ നിന്ന് പുറത്താക്കണം; സഞ്ജു സാംസണിന്റെ മോശം ഫോമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം കെ. ശ്രീകാന്ത്
sanju-samson-680x450

ന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മോശം ഫോമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം കെ. ശ്രീകാന്ത് രംഗത്ത്. സഞ്ജുവിന് ലഭിച്ച അവസരങ്ങളൊന്നും താരം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും, ഇനിയും ടീമിൽ തുടരുന്നത് അർത്ഥമില്ലെന്നുമാണ് ശ്രീകാന്തിന്റെ പക്ഷം. താനായിരുന്നു ടീമിന്റെ ക്യാപ്റ്റനെങ്കിൽ സഞ്ജുവിനെ പുറത്തിരുത്തി വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോമിലല്ലാത്ത താരങ്ങൾക്കായി കാത്തുനിൽക്കുന്നതിനേക്കാൾ നല്ലത് പുതിയ പ്രതിഭകളെ പരീക്ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി ടീമിൽ നിർണ്ണായക മാറ്റങ്ങൾ വേണമെന്നാണ് ശ്രീകാന്ത് നിർദ്ദേശിക്കുന്നത്. ടോപ് ഓർഡറിൽ സഞ്ജുവിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി കൊണ്ടുവരുന്നത് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഗുണം ചെയ്യും. ഇനി അഭിഷേക് ശർമ ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ റിങ്കു സിംഗിനെ പുറത്തിരുത്തി വാഷിംഗ്ടൺ സുന്ദറെ എട്ടാമനായി ഇറക്കുന്നതാകും ബുദ്ധിയെന്നും അദ്ദേഹം വിശദീകരിച്ചു. അഭിഷേക് ശർമയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണെന്നും എന്നാൽ സഞ്ജുവിന് ലഭിക്കുന്ന ഈ അധിക അവസരങ്ങൾ പ്രയോജനപ്പെടുത്താൻ താരത്തിന് കഴിയുന്നില്ലെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഇന്ന് നടക്കാനിരിക്കുന്ന നമീബിയക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടാൽ സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് പ്രയാസകരമാകുമെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപുള്ള അവസാന പരീക്ഷണമായാണ് ഇന്ത്യ നമീബിയക്കെതിരായ കളിയെ കാണുന്നത്. അതേസമയം, വിമർശനങ്ങൾക്കിടയിലും ഫോം കണ്ടെത്താൻ കഠിന പരിശ്രമത്തിലാണ് സഞ്ജു. കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്‌സിൽ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടകിന് കീഴിൽ താരം പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ആരാധകരും സെലക്ടർമാരും ഒരുപോലെ ഉറ്റുനോക്കുകയാണ്.