പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ കടുത്ത വിമർശനവുമായി മുൻ താരം റഷീദ് ലത്തീഫ് രംഗത്ത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിനെതിരെ ഭാര്യാപിതാവ് കൂടിയായ ഷാഹിദ് അഫ്രീദി തന്നെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലത്തീഫിന്റെ കടന്നാക്രമണം. നിലവിലെ ഫോം അനുസരിച്ച് ഷഹീൻ ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലെന്നും, ടീമിലെടുക്കാൻ യോഗ്യതയില്ലാത്ത ഒരാളെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലത്തീഫ് തുറന്നടിച്ചു. ഷഹീനെ ടി20 നായകനാക്കണമെന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും താരത്തിന്റെ മികച്ച കാലം കഴിഞ്ഞുപോയെന്നാണ് മുൻ താരത്തിന്റെ വിലയിരുത്തൽ.
സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ഷഹീനെ പ്രതിക്കൂട്ടിലാക്കുന്നത്. ടി20 ലോകകപ്പിൽ പാകിസ്ഥാൻ പേസ് നിരയെ നയിച്ച ഷഹീൻ ഇന്ത്യ, യുഎസ്എ, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങളിൽ തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരെ രണ്ടോവറിൽ 31 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. അമേരിക്കക്കെതിരെയും കണക്കറ്റ് തല്ലുവാങ്ങിയ ഷഹീൻ, ശ്രീലങ്കയ്ക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിലെ അവസാന ഓവറിൽ മൂന്ന് സിക്സറുകളും ഒരു ഫോറും വഴങ്ങി പരാജയത്തിന് ആക്കം കൂട്ടി. ലോകകപ്പിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ 1-2ന് പാകിസ്ഥാൻ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതും വിമർശനങ്ങളുടെ മൂർച്ച കൂട്ടിയിട്ടുണ്ട്.
ഏത് ഫോർമാറ്റിൽ ആരെ നായകനാക്കണമെന്ന കാര്യത്തിൽ പാകിസ്ഥാൻ സെലക്ടർമാർക്ക് കൃത്യമായ ധാരണയില്ലെന്നാണ് ഷാഹിദ് അഫ്രീദിയുടെയും പക്ഷം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ പരാജയത്തിന് പിന്നാലെ സെലക്ഷൻ കമ്മിറ്റിയെ പരിഹസിച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു. ടീമിനുള്ളിലെ ഈ ആഭ്യന്തര കലഹങ്ങളും പ്രമുഖ താരങ്ങളുടെ മോശം ഫോമും പാകിസ്ഥാൻ ക്രിക്കറ്റിനെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഷഹീൻ അഫ്രീദിയെപ്പോലൊരു പ്രമുഖ താരത്തിനെതിരെ മുൻ നായകന്മാർ തന്നെ പരസ്യമായി രംഗത്തെത്തിയത് വരും ദിവസങ്ങളിൽ ടീമിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം.
