ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക. കസ്റ്റഡി അനുവദിച്ചാൽ, അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാരവൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് കോടതി നടപടികളിലേക്ക് നീങ്ങുന്നത്.
