ലഖ്‌നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ഹിന്ദുത്വ തീവ്രവിഭാഗങ്ങളിൽ പെട്ടവരുടെ ക്രൂരമർദനം. പ്രദേശവാസികളായ ആഫ്താബ് ആലം, സീഷാൻ എന്നിവർക്കാണ് ആറംഗ സംഘത്തിന്‍റെ മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. ചന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫറാംപൂരിലാണ് സംഭവം.
‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെറുപ്പക്കാർ വിസമ്മതിക്കുകയും ചെയ്തതാണ് ഹിന്ദുത്വ അക്രമികളെ ചൊടിപ്പിച്ചത്. അഞ്ചിലേറെ പേരടങ്ങിയ സംഘം യുവാക്കളുടെ ബൈക്ക് തടഞ്ഞുനിർത്തുകയും പ്രകോപനപരമായ രീതിയിൽ ആക്രോശിക്കുകയുമായിരുന്നു. ജയ് ശ്രീറാം വിളിച്ചില്ലെന്നതിനാൽ മാത്രം ഇവരെ ക്രൂരമായി ചവിട്ടുകയും ഇടിക്കുകയും അരിശം തീരാതെ അപകീർത്തികരമായി സംസാരിക്കുകയുമായിരുന്നു. ഇവർ തന്നെ ചിത്രീകരിച്ച മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഹിന്ദു രാഷ്ട്രത്തിൽ ജീവിക്കുന്ന നിനക്കൊന്നും ജയ് ശ്രീറാം പറയാനാവില്ല അല്ലേ…’ അക്രമികളിലൊരാൾ മർദനത്തിനിടെ ഉച്ചത്തിൽ അലറുന്നതായി വിഡിയോയിൽ കാണാം. ആൾക്കൂട്ടത്തിന്‍റെ ചവിട്ടും കുത്തും അടിയുമേറ്റ് വേദനകൊണ്ട് പുളഞ്ഞ ചെറുപ്പക്കാർ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും അക്രമികൾ മർദനം തുടരുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഡിയോ തെളിവായി കണക്കാക്കിക്കൊണ്ട്, ഫറാംപൂർ ഏരിയയിൽ വെച്ച് തന്നെയാണ് അക്രമം നടന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമിസംഘത്തിൽ പെട്ട രണ്ട് പേരെ വിഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരെ പിടികൂടാനുള്ള അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ലംബുവ സ്റ്റേഷൻ ചുമതലയുള്ള ഓഫീസർ അറിയിച്ചു.
‘പ്രദേശവാസികൾ തന്നെയായ രണ്ട് പേർക്കാണ് മർദനമേറ്റത്. ജലീൽ ആലം എന്നയാളുടെ മകൻ ആഫ്താബ് ആലമിനും ഇവരുടെ ബന്ധുവായ സീഷാൻ എന്നിവരെയാണ് വിഡിയോയിൽ കണ്ടത്. ഇരുവർക്കും 18നോടുത്ത് പ്രായം കാണും. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ എത്രയും വേഗം പിടികൂടുന്നതിനായുള്ള സ്പെഷ്യൽ ടീമിനെ രൂപീകരിച്ചിട്ടുണ്ട്’. ചന്ദ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു. സാക്ഷാം പാണ്ഡെ, ചന്ദൻ, വിക്കി കൌശൽ എന്നിവർക്കെതിരെയും അജ്ഞാതരായ മറ്റ് നാല് പേർക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൾക്കൂട്ട ആക്രമണം, മനപൂർവം അപകീർത്തിപ്പെടുത്താനും സമാധാനം തകർക്കുന്നതിനായി പ്രകോപനപരമായി പെരുമാറുക, ഉപദ്രവമേൽപ്പിക്കുക, ക്രിമിനൽ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, വിദ്വേഷ പരാമർശം, വംശീയ അക്രമം എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
