ജബൽപൂര്‍: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശ് ജബൽപൂരിലെ സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂള്‍ അടിച്ചുതകര്‍ത്ത് ബജ്റംഗ് ദൾ പ്രവർത്തകര്‍. ജയ് ശ്രീറാം വിളികളോടെ എത്തിയ സംഘം സ്കൂൾ തല്ലിത്തകർത്തു. വിദ്യാർഥികൾ സ്കൂളിലുള്ളപ്പോൾ ആയിരുന്നു അതിക്രമം. പൊലീസിനെ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.
ജൂലൈ 11നായിരുന്നു സംഭവം. ജബൽപൂർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂൾ കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ക്രിസ്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു. “അവർ നിരവധി ജനൽച്ചില്ലുകൾ തകർത്തു,” സ്കൂളുകൾ നടത്തുന്ന ജബൽപൂർ കത്തോലിക്കാ രൂപതയിലെ മുതിർന്ന പുരോഹിതനും അധ്യാപകനുമായ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു. ചിലർ ക്യാമ്പസിലെ സെന്റ് അലോഷ്യസിന്റെ പൂർണകായ പ്രതിമ തകർക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന മുൻ ജീവനക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പുരോഹിതൻ പറഞ്ഞു. “കഴിഞ്ഞ 25 വർഷമായി ഞങ്ങൾ ഈ സ്കൂൾ നടത്തുന്നു, നിലവിൽ ഏകദേശം 2,500 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്, എന്നാൽ ഇത്തരമൊരു ആരോപണം സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമാണ്,” – ജോസ് പറഞ്ഞു. മതപരിവർത്തന ശ്രമങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്കൂൾ തന്റെ ജോലി അവസാനിപ്പിച്ചതായി അവകാശപ്പെട്ട് മുൻ ജീവനക്കാരൻ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതിപ്പെട്ടതായി പുരോഹിതൻ പറഞ്ഞു.
“ഒരു വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം, പക്ഷേ അദ്ദേഹം തുടരാൻ ആഗ്രഹിച്ചു. മാനേജ്മെന്റ് വിസമ്മതിച്ചപ്പോൾ, സംസ്ഥാനത്തെ കർശനമായ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം സ്കൂൾ പ്രിൻസിപ്പൽ ഫാദർ സോമി ജേക്കബിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി,” ഫാ. ജോസ് കൂട്ടിച്ചേര്‍ത്തു. എന്നാൽ പരാതി തെളിയിക്കുന്നതിനുള്ള തെളിവുകൾ നൽകാൻ അദ്ദേഹം പരാജയപ്പെട്ടപ്പോൾ, സ്കൂളിനെതിരെ പ്രവർത്തിക്കാൻ ചില ഹിന്ദു പ്രവർത്തകരിൽ നിന്ന് സഹായം തേടിയതായി തോന്നുന്നുവെന്നും പുരോഹിതൻ വിശദീകരിച്ചു.
