മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ എൻടിഎയും കേന്ദ്ര സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കി പ്രധാന അറസ്റ്റ്. പരീക്ഷാ പേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച പാനലിലെ ബയോളജി അധ്യാപിക പൂനെ സ്വദേശി മനീഷ ഗുരുനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. സുവോളജി, ബോട്ടണി ചോദ്യങ്ങൾ തയ്യാറാക്കിയ സംഘത്തിലെ അംഗമായ ഇവർ, പൂനെയിലും നാസിക്കിലുമുള്ള ലഹരി/ചോർച്ചാ മാഫിയയ്ക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇതേ പാനലിലെ രസതന്ത്ര അധ്യാപകൻ പി.വി. കുൽക്കർണിയും അറസ്റ്റിലായിരുന്നു.
ചോദ്യപേപ്പർ തയ്യാറാക്കിയവർ തന്നെ പ്രതികളായതോടെ എൻ.ടി.എയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണ്. ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന്റെ കണ്ണികൾ നീളുകയാണ്. കേരളത്തിലെ പത്തനംതിട്ടയിലുള്ള ചില കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസ് പരിശോധന നടത്തി.
അതിനിടെ, പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ രാജസ്ഥാനിലെ സിക്കറിൽ പ്രദീപ് മേഘ്വാൾ എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം വൻ രാഷ്ട്രീയ ആയുധമായി മാറി. വിദ്യാർത്ഥികളുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. ഇതൊരു സംഘടിത അഴിമതിയാണെന്നും വിദ്യാർത്ഥികളെ കൊലപ്പെടുത്തിയത് കേന്ദ്ര സർക്കാരാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇത്രയും വലിയ വീഴ്ചയുണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോ കേന്ദ്ര സർക്കാരോ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
