Home » Blog » kerala Max » ചിറയിൻകീഴിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഫലം പുറത്ത്
saji

തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പോലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ പരിശോധനകൾക്കായി സജിയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു ചല്ലിമുക്ക് സ്വദേശി സജി മരിക്കുന്നത്. സജിയുടെ മരണം പോലീസ് മർദനത്തെ തുടർന്നെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സജിയെ ആക്രമിച്ചെന്നായിരുന്നു കുടുംബം പറഞ്ഞത്. സജിയുടെ ശരീരമാസകലം പോലീസ് സംഘം മർദിച്ചെന്നും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.പ്രദേശവാസിയായ വയോധികനെ പോലീസ് മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു സജി. ‘പോലീസിനെ പിടിച്ചുമാറ്റാന്‍ നീ ആരാടാ എന്ന് ആക്രോശിച്ച് സജിക്ക് നേരെ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഹൃദ്രോഗിയാണെന്ന് സജി അറിയിച്ചിട്ടും പോലീസ് മര്‍ദനം തുടര്‍ന്നതായും നാട്ടുകാർ പറഞ്ഞു.

എട്ടോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. ഉദ്യോഗസ്ഥര്‍ എത്തിയത് മഫ്തിയിലായിരുന്നു. മത്സ്യതൊഴിലാളിയായ സജി നിരപരാധിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പോലീസ് ഗുണ്ടായിസമാണ് കാണിച്ചതെന്നും അവർ ആരോപിച്ചു. സജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പോലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *