കാസർകോട് മന്നിപ്പാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കുട്ലു മന്നിപ്പാടി സ്വദേശിയായ സന്ദേശിനെയാണ് (29) സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച വാടക ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത വ്ലോഗർ രേഷ്മയുടെ (ചിന്നു പാപ്പു) സുഹൃത്തായിരുന്നു ഇയാൾ. നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സന്ദേശ് അടുത്ത കാലത്തായി ഡോർ പോളിഷ് ജോലികളിലായിരുന്നു ഏർപ്പെട്ടിരുന്നത്.
രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് എങ്കിലും മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. എന്നാൽ രേഷ്മയുടെ മരണത്തിന് കാരണം സന്ദേശാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഈ സൈബർ ആക്രമണങ്ങളിലും രേഷ്മയുടെ വേർപാടിലും സന്ദേശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണകാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി സന്ദേശിന്റെയും രേഷ്മയുടെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. സൈബർ ഇടങ്ങളിലെ പ്രചാരണങ്ങളും മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
