ആർ. ജെ. ബാലാജി സംവിധാനം ചെയ്ത് 300 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചതിനെക്കുറിച്ച് നടൻ സൂര്യ. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ലോക്ക് ചെയ്ത ശേഷമാണ് ക്ലൈമാക്സിൽ തൃപ്തിയില്ലെന്ന് പറഞ്ഞ് സംവിധായകൻ ആർ. ജെ. ബാലാജി വിളിച്ചതെന്ന് സൂര്യ പറഞ്ഞു.
അപ്പോഴേക്കും ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന പുതിയ ചിത്രത്തിനായി താൻ ക്ലീൻ ഷേവ് ലുക്കിലേക്ക് മാറിയിരുന്നു. തുടർന്ന് ചെന്നൈയിലെത്തി റീഷൂട്ട് ചെയ്യുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ വെച്ചിരുന്ന കറുപ്പസാമിയുടെ പ്രതിമയെ തൊഴുതാണ് താൻ അഭിനയിക്കാൻ തുടങ്ങിയതെന്നും എനിക്ക് വഴി കാണിച്ചു തരണമേ എന്ന് പ്രാർത്ഥിച്ചാണ് ആ രംഗം പൂർത്തിയാക്കിയതെന്നും സൂര്യ വ്യക്തമാക്കി. ദൈവസാന്നിധ്യം പ്രകടമാകുന്ന ആളുകളുടെ വികാരങ്ങളും ചലനങ്ങളുമാണ് സിനിമയിലെ നൃത്ത രംഗങ്ങൾക്കും നാടകീയ മുഹൂർത്തങ്ങൾക്കും പ്രചോദനമായതെന്നും സൂര്യ കൂട്ടിച്ചേർത്തു.
