Home » Blog » Kerala » ചാഹലിനെ പന്തേൽപ്പിക്കാത്തത് വിഡ്ഢിത്തം; പഞ്ചാബ് നായകൻ ശ്രേയസ് അയ്യർക്കെതിരെ മുൻ താരങ്ങൾ

ധരംശാല: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന് ഒരോവർ പോലും നൽകാതിരുന്ന പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കെതിരെ മുൻ താരങ്ങളുടെ രൂക്ഷവിമർശനം. പഞ്ചാബ് തുടർച്ചയായ നാലാം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ലോകം രംഗത്തെത്തിയത്.

 

ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് നിരയിൽ ചാഹലോ, ഡൽഹി നിരയിൽ ക്യാപ്റ്റൻ അക്ഷർ പട്ടേലോ ഒരോവർ പോലും പന്തെറിഞ്ഞില്ല. ഇതോടെ ഐപിഎൽ ചരിത്രത്തിൽ സ്പിന്നർമാർ ആരും പന്തെറിയാത്ത അപൂർവ മത്സരമായി ഇത് മാറി. പേസർമാരായ മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ തുടങ്ങിയവർ ഓവറിൽ 11 റൺസിന് മുകളിൽ വഴങ്ങിയിട്ടും ചാഹലിനെ അവഗണിച്ചത് വിഡ്ഢിത്തമാണെന്ന് മുൻ താരം ദൊഡ്ഡ ഗണേഷ് പ്രതികരിച്ചു. ധരംശാലയിൽ സ്പിന്നർമാരെ സഹായിക്കില്ലെന്ന അന്ധവിശ്വാസം എന്നാണ് അവസാനിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

 

മുൻ താരം മുഹമ്മദ് കൈഫും തീരുമാനത്തെ വിമർശിച്ചു. കണക്കുകൾ പ്രകാരം ധരംശാലയിൽ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണെന്നും അക്ഷറും ചാഹലും പന്തെറിയാത്തത് വിചിത്രമാണെന്നും കൈഫ് പറഞ്ഞു.

 

വിമർശനങ്ങൾ ശക്തമായതോടെ മത്സരശേഷം ശ്രേയസ് അയ്യർ തന്റെ തീരുമാനത്തെ ന്യായീകരിച്ചു. പിച്ച് പേസർമാരെ സഹായിക്കുമെന്ന് കരുതിയാണ് സ്പിന്നറെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. “പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു. ബൗളർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ ലഭിക്കുമായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല,” ശ്രേയസ് വ്യക്തമാക്കി.