
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി തന്നെ തിരഞ്ഞെടുത്തത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നടൻ രവീന്ദ്രൻ വ്യക്തമാക്കി. പല ഫിലിം ഫെസ്റ്റുകളുടേയും ഡയറക്ടറായുള്ള തന്റെ പ്രവൃത്തി പരിചയം പുതിയ ഉത്തരവാദിത്തത്തിന് ഏറെ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളകളുമായി നാല് പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. അക്കാദമിയുടെ തലപ്പത്തേക്ക് എത്താൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, മലയാള സിനിമകളെ അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനും സാംസ്കാരിക വകുപ്പിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് അക്കാദമിയുടെ വൈസ് ചെയർമാൻ. ധർമ്മജൻ ബോൾഗാട്ടി, വൈക്കം വിജയലക്ഷ്മി, സക്കരിയ, ദീപു കരുണാകരൻ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്.
തൃപ്പൂണിത്തുറയിൽ ജനിച്ച് ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം പൂർത്തിയാക്കിയ രവീന്ദ്രൻ, 1980-ൽ പുറത്തിറങ്ങിയ ‘ഒരു തലൈ രാഗ’ത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചു. എന്നാൽ അഭിനയത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ലോക സിനിമയെ പഠിക്കാനുള്ള നിരന്തര അന്വേഷണ യാത്രയായിട്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെ മാറ്റിയെടുത്തത്. പൂനെയിലെ ചലച്ചിത്രാസ്വാദന പഠനപരിപാടിയിലൂടെയും ജോൺ എബ്രഹാം, ഭരതൻ തുടങ്ങിയവരുമായുള്ള സംവാദങ്ങളിലൂടെയും സിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും അദ്ദേഹം ആഴത്തിൽ പഠിച്ചു. സത്യജിത് റേയുടെ ഛായാഗ്രാഹകനായ സൗമേന്ദു റോയിയോടൊപ്പം പ്രവർത്തിച്ച അനുഭവവും അദ്ദേഹത്തിന്റെ സിനിമാ കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, സിനിമയ്ക്ക് യോജിച്ച വേദിയും പ്രേക്ഷകരും സംവാദപരിസരവും സൃഷ്ടിക്കുന്ന ക്യൂറേറ്റോറിയൽ സമീപനമാണ് രവീന്ദ്രന്റെ പ്രവർത്തനങ്ങളുടെ സവിശേഷത. മൺസൂൺ സിനി ഫെസ്റ്റ്, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വരലയ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം സിനിമയെക്കുറിച്ചുള്ള സംവാദങ്ങൾക്കും ആസ്വാദനത്തിനും വലിയ പ്രാധാന്യം നൽകി. ഇതിന്റെ തുടർച്ചയായി കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ രൂപംകൊള്ളുകയും, അതിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ചലച്ചിത്ര പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച അദ്ദേഹം പ്രവാസി സമൂഹത്തെയും സിനിമയെയും ബന്ധിപ്പിക്കുന്ന വേദികൾ ഒരുക്കുന്നതിലും സജീവമായി പങ്കാളിയായിട്ടുണ്ട്.
