
ഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനപ്പരിശോധനയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിൽ വ്യത്യസ്തമായ പ്ലക്കാർഡുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ’ എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് രാഹുൽ ഗാന്ധി പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.
നടൻ സൽമാൻ ഖാൻ കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച ‘സോനം, ഇറ്റ്സ് ഡൺ ബ്രോ’ എന്ന പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ ജനപ്രിയ മീം ടെംപ്ലേറ്റ് മാതൃകയാക്കിയാണ് രാഹുൽ ഗാന്ധിയുടെ വേറിട്ട പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യ മുന്നണി നടത്തിയ മാർച്ച് ഡൽഹി പോലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞു. തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധി ദേശീയപതാക വീശി പ്രതിഷേധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന് ലഭിച്ച വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
