വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒ (iQOO) തങ്ങളുടെ ഏറ്റവും പുതിയ ഹൈ-എന്‍ഡ് സ്മാര്‍ട്ട് ഫോണായ ഐക്യൂഒഒ 15 അള്‍ട്രാ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 കരുത്തുപകരുന്ന ഈ ഫോൺ സാങ്കേതിക മികവിൽ വിട്ടുവീഴ്ചയില്ലാത്ത ഒന്നാണ്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് ഏകദേശം 74,000 രൂപയും, 24 ജിബി റാം – 1 ടിബി സ്റ്റോറേജുമുള്ള ടോപ് എന്‍ഡ് മോഡലിന് ഒരു ലക്ഷം രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഡിസ്പ്ലേയും കൂളിംഗ് സിസ്റ്റവും
6.85 ഇഞ്ച് വലിപ്പമുള്ള 2K Samsung M14 LTPO AMOLED ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം. 144Hz റിഫ്രഷ് റേറ്റും 8,000 nits പീക്ക് ബ്രൈറ്റ്നസ്സും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഗെയിമിംഗ് പ്രിയർക്കായി ഐക്യൂഒഒയുടെ പ്രത്യേക ‘ഐസ് ഡോം’ കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ ചൂടാകുന്നത് തടയാൻ ആക്റ്റീവ് കൂളിംഗ് ഫാനും ഹീറ്റ് വെന്റും സജ്ജീകരിച്ചിരിക്കുന്നു എന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്. ഏകദേശം 227 ഗ്രാം ഭാരമുള്ള ഈ ഫോൺ കറുപ്പ്, സില്‍വര്‍ നിറങ്ങളിൽ ലഭ്യമാണ്.
ക്യാമറയും ബാറ്ററി കരുത്തും
ഫോട്ടോഗ്രഫിയിൽ മികവ് പുലർത്തുന്നതിനായി 50 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 MP പ്രൈമറി ഷൂട്ടർ, പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അള്‍ട്രാവൈഡ് ക്യാമറ എന്നിവയ്ക്കൊപ്പം 32 MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. 8K വീഡിയോ റെക്കോർഡിംഗ് ഇതിൽ സാധ്യമാണ്. 7,400 എംഎഎച്ചിന്റെ വമ്പൻ ബാറ്ററിയാണ് ഫോണിലുള്ളത്. 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും 40W വയര്‍ലെസ് ചാര്‍ജിംഗും ഈ ബാറ്ററി പിന്തുണയ്ക്കും. സുരക്ഷയ്ക്കായി 3D അള്‍ട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറും ഫോണിലുണ്ട്.
