Home » Blog » kerala Max » ഗുജറാത്തിൽ തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി സ്കോർപിയോ.! ഒരാൾ മരിച്ചു, പിന്നാലെ കാർ കത്തിച്ച് ജനക്കൂട്ടം
CARSACCI-680x450

അംബാജി ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്ന തീർഥാടകരുടെ ഇടയിലേക്ക് അമിതവേഗത്തിലെത്തിയ സ്കോർപിയോ പാഞ്ഞുകയറി ഒരാൾ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗുജറാത്തിലെ ഹിമ്മത്‌നഗറിന് സമീപം ദോൽഗഢ്–പാടിയ ഹൈവേ ജങ്ഷന് സമീപമാണ് അപകടം. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാരും തീർഥാടകരും ചേർന്ന് പിടികൂടി. തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം കാറിന്റെ ചില്ലുകളും ബോണറ്റും തകർത്ത ശേഷം വാഹനത്തിന് തീ കൊളുത്തി.

അംബാജിയിലേക്ക് തീർഥാടകർ കാൽനടയായി സഞ്ചരിക്കുന്ന പാതയിലേക്കാണ് പുതിയ സ്കോർപിയോ അമിതവേഗത്തിൽ എത്തിയത്. ഇടിയുടെ ആഘാതത്തിൽ നിരവധി തീർഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹിമ്മത്‌നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്.

അപകടമുണ്ടാക്കിയ ശേഷം ഡ്രൈവർ വാഹനം നിർത്താതെ കടന്നുകളയാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ തടയുകയായിരുന്നു. തുടർന്ന് ജനക്കൂട്ടം വാഹനത്തിൽ വടികൊണ്ട് അടിച്ച് ചില്ലുകളും ബോണറ്റും തകർത്തു. പിന്നാലെ ഹൈവേയിൽവച്ച് തന്നെ കാറിന് തീയിടുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ സമീപ ജില്ലകളിൽ നിന്നുള്ള പൊലീസ് സംഘങ്ങളും ഫയർഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിനുള്ളിൽ കാലിയായ മദ്യക്കുപ്പി കണ്ടെത്തിയെന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, അംബാജി തീർഥാടനത്തിന്റെ ഭാഗമായി ഈ വർഷം ഏകദേശം 40 ലക്ഷം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാതയോരങ്ങളിലൂടെ വലിയ തോതിൽ തീർഥാടകർ കാൽനടയായി സഞ്ചരിക്കുന്നതിനിടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തുടരുന്നതായി തീർഥാടകർ പരാതിപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *