*കേന്ദ്രസർക്കാർ നീക്കം കർഷകരെ നെൽകൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാൻ
അന്നം തരുന്ന കർഷകരെ കേരളം ഉപേക്ഷിക്കില്ലെന്നും
സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യഥാർത്ഥ ഉല്പാദന ചിലവ് കൂടി പരിഗണിച്ച് നെല്ലിൻ്റെ താങ്ങു വില അടിയന്തരമായി 40 രൂപയായി നിശ്ചയിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ താങ്ങുവില 40 രൂപയായി നിശ്ചയിക്കണമെന്ന കേരളത്തിൻ്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നതും പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നുമുള്ള ആവശ്യവും കേരളത്തിലെ നെൽകർഷകരെ ബോധപൂർവ്വം ദ്രോഹിക്കുവാൻ കേന്ദ്രം കൈകൊള്ളുന്ന നടപടികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രോത്സാഹന ബോണസ്സ് നിലനിർത്തും.
കേന്ദ്ര സർക്കാരിൻ്റെ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ് (സി എ സി പി) കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ നെല്ലിൻ്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 15.79 രൂപയാണ്. ഇതിൻ്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് എം എസ് പി 23.69 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സി എ സി പി തന്നെ കേരളത്തിൽ നെല്ലിൻ്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണെന്ന് കണക്കാക്കുന്നു. ഈ ചെലവിൻ്റെ ഒന്നര ഇരട്ടി കണക്കാക്കിയാൽ കേരളത്തിൽ നെല്ലിന് കിലോഗ്രാമിന് 32.19 രൂപ ലഭിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് നെല്ലിൻ്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുള്ളത്. ഇതിന് വിരുദ്ധമായി ഉത്പാദനം വർധിക്കുന്നുവെന്ന പേരിൽ സഹായം വെട്ടിക്കുറക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് അത്യന്തം ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു.
നെല്ലിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുക എന്നത് കേരള സർക്കാരിൻ്റെ പ്രഥമ പരിഗണനയാണ്. കേരളത്തിൽ നെല്ലിൻ്റെ ശരാശരി ഉത്പാദനക്ഷമത ഹെക്ടറിന് 3006 കിലോഗ്രാമാണ്. ദേശീയ ശരാശരി 2899 കിലോഗ്രാം ആയിരിക്കെ ഈ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞത് ഉത്പാദനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും നെൽകർഷകർക്ക് സർക്കാർ നൽകിയ സമഗ്ര പിന്തുണ മൂലമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദനോപാധികൾക്കായി മാത്രം 297.23 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കൂടാതെ റീബിൽഡ് കേരള ഇൻഷേറ്റീവ്, ആർ ഐ ഡി എഫ് പദ്ധതി എന്നിവ വഴി 666.61 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നെല്ല് പൂർണ്ണമായും സർക്കാർതലത്തിൽ ഉയർന്ന വില നൽകി സംഭരിക്കുന്നു. അടിസ്ഥാന താങ്ങുവിലയും സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസും ചേർത്ത് കിലോഗ്രാമിന് 30 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. നിലവിൽ എം എസ് പി 23.69 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 6.31 രൂപയുമാണ് നൽകുന്നത്. രാജ്യത്ത് ഏറ്റവും മാതൃകാപരമായ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലൂടെ എം എസ് പിയ്ക്ക് മുകളിൽ സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന നെല്ല്-ഗോതമ്പ് ഉത്പാദനം പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം.
ഉത്പാദന വർധനവിനെ ബാദ്ധ്യതയായി ചിത്രീകരിച്ച് കർഷകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നെല്ലിൻ്റെയും ഗോതമ്പിന്റെയും ഉത്പാദനം കുറയ്ക്കുകയും, എണ്ണക്കുരുക്കളും പയർവർഗ്ഗങ്ങളും ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുകയുമെന്ന ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായാണ് ഈ നടപടി സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. യു.എസ്-ഇന്ത്യ വ്യാപാര ധാരണയുടെ ഭാഗമായി അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണോ ഇതിന് പിന്നിലെന്നും ശക്തമായ സംശയമുണ്ട്.
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് 2.5 മുതൽ 3.3 ശതമാനം വരെ മാത്രമുണ്ടായിരുന്ന ചുങ്കനിരക്ക് അമേരിക്ക ആദ്യം 25 ശതമാനമായും പിന്നീട് 50 ശതമാനമായും ഉയർത്തുകയായിരുന്നു. പിന്നീട് ഇത് 18 ശതമാനമായി കുറച്ചെങ്കിലും ഈ നിലപാട് കാർഷിക മേഖലയ്ക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇന്ത്യയ്ക്ക് ഗുണകരമല്ലാത്ത ഇത്തരം കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കർഷകർക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്ത തുകയിൽ
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 1,343 കോടി 83 ലക്ഷം രൂപ ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകളും കർഷകരോട് വളരെ മോശമായ സമീപനമാണ് സ്വീകരിക്കുന്നത്. നെല്ല് സംഭരണ സമയങ്ങളിൽ പോലും പലിശ നിരക്ക് വർധിപ്പിക്കുകയാണ് ബാങ്കുകൾ. റിപോ നിരക്കുകൾ കുറയുമ്പോഴും ഇവിടെ പലിശ നിരക്ക് കൂട്ടാൻ ബാങ്കുകൾ ശാഠ്യം പിടിക്കുകയാണ്.
കർഷകരെ ക്രമേണ കൃഷിയിൽ നിന്ന് അകറ്റണമെന്ന ഗൂഢലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്ന് സംശയിക്കേണ്ടിവരുന്ന സാഹചര്യമാണിതെല്ലാമെന്ന് മന്ത്രി പറഞ്ഞു.
നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നത് സർക്കാരിന് ബാധ്യതയാണെന്നും പരിസ്ഥിതിക്ക് ദോഷകരമാണെന്നും കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന വാദം അപലപനീയമാണ്. ഇന്ത്യ – യു എസ് വ്യാപാര ധാരണയുടെ വിശാദാംശങ്ങൾ പുറത്തുവിടണമെന്നും കരാർ കാർഷിക മേഖലയെ എങ്ങിനെ ബാധിക്കുമെന്ന് അറിയാൻ കർഷകർക്കും സംസ്ഥാനത്തിനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ കർഷകർക്ക് പ്രോത്സാഹന ബോണസായി 2,405 കോടി രൂപ നൽകിയിട്ടുണ്ട്.. വിത്ത് സൗജന്യം, വൈദ്യുതി സൗജന്യം, ഉഴവ് കൂലി സൗജന്യം എന്നിവയ്ക്കു പുറമേയാണ് ഈ തുക കർഷകർക്ക് നൽകിയതെന്നും മന്ത്രി പറഞ്ഞു.
