Home » Blog » kerala Max » ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ അക്രമണോദ്ദേശ്യം പുറത്ത് വിട്ട് അന്വേഷണ ഉദ്യോഗസ്ഥർ
29

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ പദ്ധതിയെന്ന് ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. ഇസ്രയേലി മാധ്യമങ്ങളായ ചാനൽ 12, വൈനെറ്റ് എന്നിവയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സാധാരണ രീതിയിൽ ടെൽ അവീവിലേക്ക് പറക്കുകയായിരുന്നു പദ്ധതി. സംശയം തോന്നാത്ത വിധം ആവശ്യമായ ലാൻഡിങ് അനുമതികൾ നേടിയ ശേഷം ബെൻ ഗൂറിയോൺ വിമാനത്താവളത്തിലെത്തുകയും തുടർന്ന് വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ വിമാനം ഇടിച്ചിറക്കുകയും ചെയ്യാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടുകൾ.

വിമാനം ഇസ്രയേലിന് സമീപമെത്തും മുൻപ് തന്നെ ആക്രമണം നടത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്നതിനാലാണ് സാധാരണ നിലയിൽ പറക്കാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിലെത്തിയ ശേഷം അവസാന നിമിഷം ലക്ഷ്യം മാറ്റുകയായിരുന്നു ഉദ്ദേശമെന്നുമാണ് അന്വേഷണ വിവരങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

എന്നാൽ, പദ്ധതിക്ക് മുമ്പേ തന്നെ വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ട് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. ഇതോടെ വിമാനം നിയന്ത്രണത്തിലാക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. സംഭവത്തിൽ ക്യാപ്റ്റന് പരുക്കേറ്റിരുന്നു.

മാസങ്ങളെടുത്താണ് ആക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. ബെൻ ഗൂറിയോൺ വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ യാത്രകളിലായി ശേഖരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈയിൽ സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും അന്നത്തെ വിമാനത്തിലെ ഒരു ജീവനക്കാരനുമായി സൗഹൃദബന്ധമുണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *