ഇന്ധനക്ഷാമം ഉണ്ടെന്ന വ്യാജ പ്രചാരണങ്ങൾ തള്ളിക്കൊണ്ട്, പെട്രോളും ഡീസലും കണ്ടെയ്നറുകളിൽ വാങ്ങി ശേഖരിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കാനുകളിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുപ്പികളിലോ കണ്ടെയ്നറുകളിലോ ഇന്ധനം നൽകുന്ന പെട്രോൾ പമ്പുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന ലഭ്യതയ്ക്ക് യാതൊരുവിധ കുറവുമില്ലെന്നും, അതിനാൽ അനാവശ്യമായി പെട്രോളിയം ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
