തിയേറ്ററുകളെ പൂരപ്പറമ്പാക്കി ബോക്സ് ഓഫീസിൽ 300 കോടിയിലധികം വാരിക്കൂട്ടിയ സൂര്യയുടെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കറുപ്പ്’ ഒടിടി റിലീസിന് പിന്നാലെയും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ചിത്രത്തിലെ തകർപ്പൻ ഗാനങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ച യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ ജെ ബാലാജി രംഗത്തെത്തിയതാണ് ഇപ്പോൾ പുതിയ ചർച്ച. സായ് അഭ്യങ്കർ സ്വന്തം പ്രശസ്തിക്കായി വലിയ രീതിയിൽ പിആർ വർക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന രീതിയിൽ വരുന്ന സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയായാണ് ബാലാജി സംസാരിച്ചത്. കറുപ്പിലൂടെ സായ് നൽകിയത് അത്രമേൽ ഗംഭീരമായ മ്യൂസിക് ആണെന്നും, കേവലം പിആർ ഹൈപ്പ് കൊണ്ട് മാത്രം ഒരാൾക്കും സായ് അഭ്യങ്കർ ഇന്ന് നിൽക്കുന്ന ഈ ഉയരത്തിൽ എത്താൻ കഴിയില്ലെന്നും ആർ ജെ ബാലാജി വ്യക്തമാക്കുന്നു.
തെന്നിന്ത്യൻ ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ട് പൂർവ്വാധികം ശക്തിയോടെയുള്ള സൂര്യയുടെ വമ്പൻ കംബാക്കാണ് ‘കറുപ്പ്’. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രമായ കറുപ്പ്, മുൻപ് നടന്റെ ഏറ്റവും വലിയ വിജയമായിരുന്ന ‘സിങ്കം 2’വിന്റെ റെക്കോർഡുകളെ വെറും 4 ദിവസം കൊണ്ടാണ് തകർത്തത്. തൃഷ നായികയായ ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, അനഘ തുടങ്ങിയ മലയാള താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിയേറ്ററുകളിൽ വൻ ഓളം സൃഷ്ടിച്ച സായ് അഭ്യങ്കറിന്റെ മാസ്സ് മ്യൂസിക് ഇപ്പോൾ ഒടിടി സ്ട്രീമിംഗിലൂടെ വീണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്.
