Home » Blog » Kerala » ‘കോടതി വിധിയെ മാനിക്കുന്നു’; സുഗതന്റെ സത്യപ്രതിജ്ഞയിൽ വിശദീകരണവുമായി മേയർ
vv-rajesh-12

കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് പുനഃസത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്. ജനപ്രതിനിധികളുടെ കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായ നിലപാട് കോടതിക്ക് ഉള്ളതുകൊണ്ടാണ് ഇത്തരം ആരോഗ്യകരമായ വിധികൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ലെന്നും അഞ്ച് വർഷം പൂർണ്ണമായി തങ്ങൾ തന്നെ ഭരിക്കുമെന്നും മേയർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം പ്രതിസന്ധികൾ സ്വാഭാവികമാണെന്നും ഇതിൽ ഒന്നിനോടും തങ്ങൾക്ക് വിയോജിപ്പില്ലെന്നും വ്യക്തമാക്കിയ മേയർ, സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി താൻ ഇന്ന് തന്നെ വിയ്യൂരിലേക്ക് തിരിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

 

കോടതി നിർദ്ദേശപ്രകാരം നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ വെച്ചാണ് ആർ. സുഗതന്റെ പുനഃസത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇതിനായി ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നും ജനവിധി മാനിക്കാൻ അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം അസാധാരണ തീരുമാനങ്ങൾ എടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മേയർക്കും കോർപ്പറേഷനിലെ പരിമിതമായ ഉദ്യോഗസ്ഥർക്കും പുറമെ, കോടതി നിർദ്ദേശപ്രകാരം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കും ജയിലിനുള്ളിലെ ഈ അസാധാരണ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രവേശനാനുമതി ഉണ്ടായിരിക്കും.