
എറണാകുളം: ചേരാനല്ലൂർ വാഹനാപകടത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ വിശദീകരണവുമായി അഡീഷണൽ സെഷൻസ് ജഡ്ജ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ പോകാൻ മാത്രമാണ് ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി വേണ്ടതെന്നും, അപകട വിവരമറിഞ്ഞ് ഒരു പിതാവെന്ന നിലയിലാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്നും ജഡ്ജി കോടതിയെ അറിയിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തനിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന് ജഡ്ജി ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. തന്നെ അറിയിക്കാതെയാണ് മകൻ കാറുമായി പുറത്തുപോയത്. പുലർച്ചെ 2.14-നാണ് അപകടവിവരം താൻ അറിയുന്നത്. ആ സമയത്ത് താൻ ഉറക്കത്തിലായിരുന്നു. മരണത്തിന് കാരണമായേക്കാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ല. മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും വാഹനത്തിന്റെ ഉടമസ്ഥത മാത്രം കേസിൽ കുറ്റത്തിന് അടിസ്ഥാനമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വീട്ടിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും ജഡ്ജി അറിയിച്ചു. ഒളിവിൽ പോകില്ലെന്നും അറസ്റ്റ് അനിവാര്യമല്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച 17-കാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെ കേസിൽ പോലീസ് പ്രതി ചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
