തിരുവനന്തപുരം: കേരളവിഷന്റെയും കേരള ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയുടേയും (KTDS) സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘കേരളവിഷന് യെസ്ടുഗോ (YES TO GO)’ ടൂറിസം ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വ്വഹിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (COA) സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
‘രാജ്യത്തിനു തന്നെ മികച്ചൊരു വിജയമാതൃകയാണ് കേരളവിഷന്. തങ്ങളുടെ ദീര്‍ഘവീക്ഷണം എത്രത്തോളമുണ്ടെന്ന് ഈ പുതിയ പദ്ധതിയിലൂടെ കേരളവിഷന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ടൂറിസത്തിലാണ് കേരളത്തിന്റെ ഭാവി. ഈ മേഖലയിലേക്കുള്ള കേരളവിഷന്റെ പുതിയ ചുവടുവെപ്പ് ഏറെ അഭിനന്ദനാര്‍ഹമാണ് ‘ – പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറെ അഭിനന്ദനാര്‍ഹമായ ഒരു പദ്ധതിയാണിതെന്നും കേരളവിഷനും കെടിഡിഎസിനുമൊപ്പം ഈ പദ്ധതിയുടെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്റ് എ.വി. റാവു പറഞ്ഞു.
കേരളത്തിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകുന്നതിനുമാണ് കേരളവിഷന് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. കേരളവിഷന്റെ ട്രാവല്‍ ആപ്ലിക്കേഷനായ ‘YES TO GO’ യുടെ ഭാഗമായി സിഒഎ, കേരളവിഷന് അംഗങ്ങളേയും ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തിയാണ് ജില്ലാതലങ്ങളില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.
പ്രാദേശിക ടൂറിസം സംരംഭങ്ങള്‍, ഹോംസ്റ്റേകള്‍, പൈതൃക കേന്ദ്രങ്ങള്‍, തനത് കലാരൂപങ്ങള്‍, കാര്‍ഷിക-സാഹസിക ടൂറിസം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം എന്നിവ ഏകോപിപ്പിച്ച് ഓരോ ഗ്രാമത്തിലെയും ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ 14 ജില്ലകളിലായി 5000ത്തിലധികം പേര് ക്ലബുകളില്‍ അംഗങ്ങളായിട്ടുണ്ട്.
പരിപാടിയില്‍ റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രത്യേക ടൂര്‍ പാക്കേജിന്റെ പ്രഖ്യാപനം ചടങ്ങില്‍ ചീഫ് ബിസിനസ് ഓഫീസര്‍ രുചി പന്ത് നടത്തി. കേരളവിഷന്റെ സഹകരണ സംഘമായ ‘സിഡ്കോ’യുടെ (CIDCO) പലിശ രഹിത വായ്പാ പദ്ധതി സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന് പ്രഖ്യാപിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം COA ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് നിര്‍വഹിച്ചു.
KTDS പ്രസിഡന്റ് സജീവ് കുമാര്‍ ആമുഖ പ്രഭാഷണവും, റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്റ് എ.വി. റാവു മുഖ്യ പ്രഭാഷണവും നടത്തി. COA ട്രഷറര്‍ ബിനു ശിവദാസ്, KCCL ചെയര്മാന് സുരേഷ് കുമാര്‍ PP, കിറ്റ് MD കെ. ഗോവിന്ദന്, ന്യൂസ് മലയാളം ചാനല്‍ MD അബൂബക്കര്‍ സിദ്ദിഖ്, ടേര്ണിംഗ്സ് MD കെ.വി. രാജന്, കേരളവിഷന് ടൂറിസം ലിമിറ്റഡ് MD ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കേബിള്‍ മേഖലയില്‍ രാജ്യത്ത് നാലാം സ്ഥാനത്തും, ബ്രോഡ്ബാന്‍ഡ് മേഖലയില്‍ അഞ്ചാം സ്ഥാനത്തുമുള്ള കേരളവിഷന് നിലവില്‍ 40 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.
