കേരളത്തിൽ കൊവിഡ് വര്‍ധിക്കാന്‍ സാധ്യത

തിരുവനന്തപുരം: ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെഎൻ-1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് പ്രധാനം.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി.

182 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *