Home » Blog » kerala Max » കേരളത്തിൽ അഞ്ചുദിവസം മഴ തുടരും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
11

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴ ശക്തമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ ബ്രൈമൂറിൽ 170.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയുണ്ടായി. അച്ചൻകോവിൽ, അമ്പനാട് പ്രദേശങ്ങളിൽ മഴ കനത്തതോടെ അമ്പനാട് പ്രിയ എസ്റ്റേറ്റിലെ റോഡുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. നഗരമേഖലകളിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.

വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങിയതിന് പിന്നാലെ കേരളത്തിലും തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, മാഹി മേഖലകളിലും തുലാവർഷമഴയ്ക്ക് തുടക്കമായി. ഡിസംബർ വരെ തുലാവർഷം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *