Home » Blog » kerala Mex » കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമ്മികത പോലും ജി. സുധാകരനില്ല: വിമർശനങ്ങളുമായി സജി ചെറിയാൻ
9

സ്വന്തം പാർട്ടിക്കാരനായ ജി. സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മന്ത്രി സജി ചെറിയാൻ. കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമ്മികത പോലും ജി. സുധാകരനില്ലെന്നും അദ്ദേഹം പാർട്ടിയുടെ ചങ്കിൽ കുത്തുകയാണ് ചെയ്തതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. ചേർത്തലയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി. സുധാകരനെ വളർത്തിയതും ഉന്നതമായ സ്ഥാനമാനങ്ങൾ നൽകിയതും സി.പി.ഐ.എം എന്ന പ്രസ്ഥാനമാണെന്ന് സജി ചെറിയാൻ ഓർമ്മിപ്പിച്ചു. എല്ലാവരുടെയും മെക്കിട്ട് കയറാനുള്ള അധികാരം വരെ പാർട്ടി നൽകിയിട്ടും അദ്ദേഹം പാർട്ടിയെ ചതിക്കുകയാണ് ചെയ്തത്. കെ. സുധാകരന് അർഹമായ സീറ്റ് ലഭിക്കാതിരുന്നിട്ടും അദ്ദേഹം പാർട്ടിയെ തള്ളിപ്പറയാതെ ഒടുവിൽ കീഴടങ്ങുകയാണ് ചെയ്തത്. ആ ധാർമ്മികത പോലും ജി. സുധാകരൻ കാണിച്ചില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. ഇത്തരത്തിൽ പാർട്ടിയെ വഞ്ചിച്ചവരെ കൂട്ടുപിടിച്ച് യു.ഡി.എഫ് ആലപ്പുഴയിൽ ജയിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.,

എൽ.ഡി.എഫിൽ അസ്വസ്ഥതയുള്ളവരെ കൂടെക്കൂട്ടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായിക്കഴിഞ്ഞു. അവിടെ കഠിനാധ്വാനം ചെയ്യുന്നവർക്ക് ഒരു വിലയുമില്ല. സി.പി.ഐ.എം തകരാൻ പോകുന്നു എന്ന് പറയുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. “നാളെ സജി ചെറിയാൻ പാർട്ടി വിട്ടുപോയാൽ കൂടെ വരാൻ സ്വന്തം ഭാര്യ പോലും ഉണ്ടാകില്ല” എന്നതായിരുന്നു പാർട്ടിയുടെ കരുത്തിനെക്കുറിച്ച് മന്ത്രിയുടെ പരാമർശം.