
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ നിയമിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഐ.എൻ.എസ് ഓഫീസറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻറെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ചും അപകടകരമായും വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.
