കുട്ടികളില്‍ മതേതര, ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കണം ; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് : പുതിയ തലമുറയില്‍ ചെറുപ്പത്തില്‍ തന്നെ മതേതര, ജനാധിപത്യ ബോധം വളര്‍ത്തിയെടുത്താല്‍ അതിക്രമങ്ങളും വര്‍ഗീയതയും ഇല്ലാത്ത നാടായി കേരളം മാറുമെന്നും അതിന്റെ ചുവടുവെപ്പാണ് ഈ വര്‍ഷം മുതല്‍ വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചേവായൂര്‍ ഉപജില്ല-കക്കോടി പഞ്ചായത്ത്തല പ്രവേശനോത്സവം ഒറ്റത്തെങ്ങ് ഗവ. യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങള്‍ നിരവധിയാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തില്‍ തന്നെ മാറ്റങ്ങളുണ്ടായി. ജോലി കിട്ടാനുള്ള പഠനത്തില്‍നിന്ന് അറിവിന്റെ മേഖലകള്‍ എത്തിപ്പിടിക്കാന്‍ പ്രാപ്തമാക്കുന്ന സംവിധാനമായി വിദ്യാഭ്യാസം മാറി. അറിവിലൂടെ നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള കരുത്ത് കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് നല്‍കുന്ന സ്പോര്‍ട്സ് ലാബ് കിറ്റുകളുടെ വിതരണോദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. പ്രധാനാധ്യാപിക സി ജി ആശാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ താഴത്തെയില്‍ ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍മാരായ സി ടി ശിവാനന്ദന്‍, ശുഭ, അജിത നിരവത്ത്, കെ ടി സിയാബ്, എഇഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ടി സജീവ്, ചേളന്നൂര്‍ ഡി ആര്‍ സി പ്രതിനിധി ഷാജീവ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ദീപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *